നീലഗിരിയിൽ 5.61 ലക്ഷം വോട്ടർമാർ

05:05 AM
12/01/2018
ഗൂഡല്ലൂർ: നീലഗിരി ജില്ലയിലെ മൂന്ന് നിയമസഭ മണ്ഡലങ്ങളിലായി 5,61,538 വോട്ടർമാരാണുള്ളതെന്ന് ജില്ല വരണാധികാരിയും കലക്ടറുമായ ഇന്നസ​െൻറ് ദിവ്യ വ്യക്തമാക്കി. പുതുക്കിയ വോട്ടർപട്ടിക കൂനൂർ ആർ.ഡി.ഒ ഗീതപ്രിയക്ക് നൽകി പ്രകാശനം ചെയ്തശേഷം നടന്ന പരിപാടിയിലാണ് ഇക്കാര്യം പറഞ്ഞത്. പട്ടികയിലുണ്ടായിരുന്ന 8,116 പേരെ നീക്കംചെയ്തെന്നും അവർ വ്യക്തമാക്കി. ഗൂഡല്ലൂർ, ഊട്ടി, കൂനൂർ എന്നിവയാണ് നീലഗിരി ജില്ലയിലെ മൂന്നു നിയമസഭ മണ്ഡലങ്ങൾ. ഈ മണ്ഡലങ്ങളുടെ പുതുക്കിയ പട്ടിക കഴിഞ്ഞ ഒക്ടോബറിൽ പ്രസിദ്ധീകരിച്ചിരുന്നു. 5,69,654 പേരാണ് പട്ടികയിൽ ഇടംപിടിച്ചത്. തുടർന്ന്, പ്രത്യേക ക്യാമ്പുകൾ നടത്തി തയാറാക്കിയ പട്ടികയാണ് ഇപ്പോൾ പ്രസിദ്ധീകരിച്ചതെന്നും കലക്ടർ അറിയിച്ചു. തമിഴ്നാട് കർഷകസംഘം കലക്ടറേറ്റ് ഉപരോധിച്ചു ഗൂഡല്ലൂർ: വൈദ്യുതി, പട്ടയം എന്നിവക്കായി തമിഴ്നാട് കർഷക സംഘം ഊട്ടി കലക്ടറേറ്റിനുമുന്നിൽ ഉപരോധം നടത്തി. ഗൂഡല്ലൂർ, പന്തല്ലൂർ താലൂക്കിലെ പതിനായിരക്കണക്കിനു കുടുംബങ്ങൾ വൈദ്യുതിയില്ലാതെ കഷ്ടപ്പെടുകയാണ്. ഇവർക്ക് വൈദ്യുതി ലഭിക്കാൻ എൻ.ഒ.സി നൽകുക, വീടുകൾക്ക് ഡോർ നമ്പർ അനുവദിക്കുക, കൈവശഭൂമിക്ക് പട്ടയം നൽകുക, കുടിയിറക്ക് നടത്തരുത്, വനാവകാശ നിയമപ്രകാരം ആദിവാസികൾക്ക് 10 ഏക്കർ ഭൂമി അനുവദിക്കുക, സെക്ഷൻ 17, 53 ഭൂമികളിൽ താമസിക്കുന്നവർക്ക് പട്ടയം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഉപരോധ സമരം നടത്തിയത്. ഗൂഡല്ലൂർ, പന്തല്ലൂർ താലൂക്കിൽനിന്ന് നൂറുകണക്കിനു കർഷകരും കൂലിത്തൊഴിലാളികളും സാധാരണക്കാരുമാണ് സംഘം നടത്തിയ ഉപരോധത്തിൽ പങ്കെടുത്തത്. തുടർന്ന് കലക്ടർക്ക് നിവേദനം സമർപ്പിച്ചു. തമിഴ്നാട് കർഷക സംഘം പ്രസിഡൻറ് ബാലകൃഷ്ണൻ നേതൃത്വം വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡൻറ് രവീന്ദ്രൻ, സി.പി.എം നീലഗിരി ജില്ല മുൻ സെക്രട്ടറി ആർ. ഭദ്രി, കർഷക സംഘം ജില്ല പ്രസിഡൻറ് എൻ. വാസു, സെക്രട്ടറി രാജ്കുമാർ, സി.പി.എം ജില്ല സെക്രട്ടറി വി.എ. ഭാസ്കരൻ, തമിഴ്നാട് മലൈമാഴ് മക്കൾ ജില്ല പ്രസിഡൻറ് അടയാളക്കുട്ടൻ എന്നിവർ സംസാരിച്ചു.
COMMENTS