മകരവിളക്കിന്​ ഒരുക്കം പൂർത്തിയായി ^മന്ത്രി തിരക്ക്​ ഒഴിവാക്കാൻ തീർഥാടകർ സഹകരിക്കണം

05:41 AM
13/01/2018
മകരവിളക്കിന് ഒരുക്കം പൂർത്തിയായി -മന്ത്രി തിരക്ക് ഒഴിവാക്കാൻ തീർഥാടകർ സഹകരിക്കണം ശബരിമല: ഈ വര്‍ഷത്തെ മകരവിളക്ക് ദര്‍ശനം സുരക്ഷിതവും തീർഥാടക സൗഹൃദവുമാക്കാന്‍ ഒരുക്കം പൂര്‍ത്തിയായതായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സുരക്ഷിത തീര്‍ഥാടനം എന്ന ആശയത്തിലൂന്നിയാണ് വിവിധ വകുപ്പുകൾ ഏകോപിപ്പിച്ച് ഇക്കുറി ശബരിമലയില്‍ പ്രവര്‍ത്തനം നടത്തിയത്. മകരജ്യോതി ദര്‍ശനത്തിന് ഭക്തർ തിങ്ങിക്കൂടുന്നയിടങ്ങളില്‍ അനിഷ്ടസംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ പ്രത്യേകം മുന്‍കരുതൽ സ്വീകരിക്കും. െപാലീസ്, അഗ്നിസുരക്ഷ സേന, ദ്രുതകര്‍മസേന, മറ്റു സേനാവിഭാഗങ്ങള്‍ എന്നിവയെ ഏകോപിപ്പിച്ച് സുരക്ഷ ഉറപ്പുവരുത്തും. മലകയറുന്ന തീര്‍ഥാടകര്‍ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ അടിയന്തരസഹായം ലഭ്യമാക്കാന്‍ കൂടുതല്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. ശബരിമല ദര്‍ശനം കഴിയുന്നമുറക്ക് തീര്‍ഥാടകര്‍ മലയിറങ്ങി മറ്റുള്ളവര്‍ക്ക് ദര്‍ശനത്തിന് അവസരം നല്‍കണം. മകരവിളക്കിന് തൊട്ടുമുമ്പുള്ള ദിവസങ്ങളില്‍ എത്തുന്ന ഭക്തരില്‍ പലരും ദര്‍ശനശേഷവും സന്നിധാനത്ത് തുടരുന്നത് മകരവിളക്ക് ദിവസം തിരക്ക് നിയന്ത്രണാതീതമാക്കും. ഇത് ഒഴിവാക്കാന്‍ തീർഥാടകര്‍ സഹകരിക്കണമെന്നും മന്ത്രി അഭ്യർഥിച്ചു.
COMMENTS