ജീവനക്കാരില്ല; കോന്നി താലൂക്ക്​ ആശുപത്രിയിലെത്തുന്നവർ വലയുന്നു

05:44 AM
12/07/2018
കോന്നി: ആവശ്യമായ ജീവനക്കാർ ഇല്ലാത്തതുമൂലം കോന്നി താലൂക്ക് ആശുപത്രിയുടെ പ്രവർത്തനം താളംതെറ്റുന്നു. ആശുപത്രിയിലെ നിരവധി ജീവനക്കാരെ ജില്ലയിലെ വിവിധ സർക്കാർ ആശുപത്രികളിലേക്ക് മാറ്റി നിയമിച്ചതോടെയാണ് ഇവിടത്തെ സ്ഥിതി പരിതാപകരമായത്. 24 രോഗികളെ കിടത്തിച്ചികിത്സിക്കാൻ സൗകര്യമുള്ള താലൂക്ക് ആശുപത്രിയിൽ സേവനം ചെയ്തിരുന്ന ഡോക്ടർമാർ, സ്റ്റാഫ് നഴ്സുമാർ എന്നിവരെ റാന്നി, തിരുവല്ല, പത്തനംതിട്ട, കോഴഞ്ചേരി എന്നിവടങ്ങളിലേക്ക് മാറ്റിയതോടെ ഇവിടെ എത്തുന്ന രോഗികൾ മതിയായ സേവനങ്ങൾ ലഭിക്കാതെ വലയുകയാണ്. 15 സ്റ്റാഫ് നഴ്സുമാർ വേണ്ടിടത്ത് ഒമ്പതുപേരുടെ സേവനം മാത്രമാണുള്ളത്. അസിസ്റ്റൻറ് സർജൻ, ഫാർമസിസ്റ്റ്, പാർട്ട് ടൈം സ്വീപ്പർ എന്നീ തസ്തികകളിൽ ഒാരോ ആളുകൾ മാത്രമാണുള്ളത്. നഴ്സിങ് അസിസ്റ്റൻറ്സ്- മൂന്ന്, ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ് -ഒന്ന് എന്നിങ്ങനെ നിരവധി ഒഴിവുകൾ ബാക്കി നിൽക്കുകയാണ്. മലയോര മേഖലയായ കോന്നി, തേക്കുതോട്, തണ്ണിത്തോട്, കൊക്കാത്തോട്, കൂടൽ എന്നിവിടങ്ങളിലെയും കൊല്ലം, പത്തനംതിട്ട ജില്ല അതിർത്തിയായ അച്ചൻകോവിലിലെ ആവണിപ്പാറ ആദിവാസി കോളനിയിലെയും ജനങ്ങൾ ചികിത്സക്ക് ആശ്രയിക്കുന്നത് കോന്നി താലൂക്ക് ആശുപത്രിയെയാണ്. പകർച്ചവ്യാധികളും മറ്റും വ്യാപകമായി പടർന്നുപിടിക്കാൻ തുടങ്ങിയതോടെ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയെത്തുന്നവരുടെ എണ്ണം ഇരട്ടിയായി. കാറിടിച്ച് സ്കൂൾ വിദ്യാർഥിനിക്ക് പരിക്ക് ചിറ്റാർ: കാറിടിച്ച് സ്കൂൾ വിദ്യാർഥിനിക്ക് പരിക്ക്. സീതത്തോട് പീടികയിൽ സജിയുടെ മകൾ മെറിനെ (12) പരിക്കുകളോടെ പത്തനംതിട്ടയിെല സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച വൈകീട്ട് നാലിനാണ് സംഭവം. സീതത്തോട് കെ.ആർ.പി.എം സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിനിയായ മെറിൻ സ്കൂൾ വിട്ട് പോകുമ്പോൾ സീതത്തോട് മാർക്കറ്റിലെ പാലത്തിൽ െവച്ച് പിറകെ വന്ന കാർ ഇടിക്കുകയായിരുന്നു. കാർ ഒാടിച്ച സ്ത്രീയുടെ പരിചയക്കുറവാണ് അപകട കാരണമെന്ന് നാട്ടുകാർ പറഞ്ഞു. ചിറ്റാർ പൊലീസ് കാർ കസ്റ്റഡിയിലെടുത്തു.
COMMENTS