പുഷ്പാർച്ചനയിലൊതുങ്ങി മലയാളി എ.ഐ.സി.സി പ്രസിഡൻറി‍െൻറ ഒരു ജന്മദിനം കൂടി

05:29 AM
12/07/2018
പാലക്കാട്: നേതാക്കളും പാർട്ടിക്കാരും മറന്ന മലയാളിയായ എ.ഐ.സി.സി പ്രസിഡൻറി‍​െൻറ മറ്റൊരു ജന്മദിനംകൂടി അനുസ്മരണ ഘോഷങ്ങളില്ലാതെ കടന്നുപോയി. കേരളത്തിൽ കോൺഗ്രസിന് കൃത്യമായ രൂപംപോലും ഇല്ലാത്ത കാലത്ത് 1897ൽ അമരാവതിയിൽ നടന്ന 13ാം കോൺഗ്രസ് സമ്മേളനത്തിൽ എ.െഎ.സി.സി പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ട ചേറ്റൂർ ശങ്കരൻനായരുടെ ജന്മദിനാഘോഷമാണ് പലയിടത്തും പുഷ്പാർച്ചനയിൽ ഒതുങ്ങിയത്. തിരുവനന്തപുരത്ത് കെ.പി.സി.സി ആസ്ഥാനത്ത് നടന്ന അനുസ്മരണവും വ്യത്യസ്തമായില്ല. ജനറൽ സെക്രട്ടറി തമ്പാനൂർ രവിയുടെ നേതൃത്വത്തിൽ നടന്ന പുഷ്പാർച്ചനയിൽ വിരലിലെണ്ണാവുന്ന പ്രവർത്തകരാണ് പങ്കെടുത്തത്. മുതിർന്ന നേതാക്കളെല്ലാവരും ചേറ്റൂരിനെ മറന്നതിൽ ജന്മനാടായ പാലക്കാട്ടെ പാർട്ടി പ്രവർത്തകർക്കിടയിൽ അമർഷമുണ്ട്. സർദാർ വല്ലഭായ് പട്ടേലിനെ ഹൈജാക്ക് ചെയ്തപോലെ ചേറ്റൂരിനേയും സംഘ്പരിവാർ ഹൈജാക്ക് ചെയ്യുമെന്ന ആശങ്കയും ഇവർ പങ്കുവെക്കുന്നു. 39ാം വയസ്സിൽ ആരുടേയും പിന്തുണയില്ലാതെ എ.ഐ.സി.സി പ്രസിഡൻറ് പദം വരെ എത്തിയ ചേറ്റൂരി‍​െൻറ ജന്മദിനം സമുചിതമായി ആചരിക്കാത്ത പാർട്ടി നടപടി ശരിയല്ലെന്നും അടുത്ത തവണയെങ്കിലും മാറ്റമുണ്ടാവണമെന്നും പ്രവർത്തകർ പറയുന്നു. എ.ഐ.സി.സിയുടേയും കെ.പി.സി.സിയുടേയും ഫേസ്ബുക്ക് പേജുകളിൽ ചേറ്റൂരിന് പ്രണാമം അറിയിച്ചുള്ള പോസ്റ്റുകളുണ്ടെങ്കിലും നേതാക്കളാരും കണ്ട ഭാവം നടിച്ചിട്ടില്ല. പാലക്കാട് മങ്കരയിലെ ചേറ്റൂർ കുടുംബത്തിൽ 1857 ജൂലൈ 11നാണ് ശങ്കരൻ നായർ ജനിച്ചത്. മദ്രാസ് പ്രസിഡൻസി കോളജിൽനിന്ന് ബി.എ ബിരുദം നേടിയ അദ്ദേഹം മദ്രാസ് ലോ കോളജിൽനിന്ന് നിയമബിരുദം കരസ്ഥമാക്കി. 1980ലാണ് മദ്രാസ് ഹൈകോടതിയിൽ വക്കീലായി ഔദ്യോഗിക ജീവിതം ആരംഭിച്ചത്. തുടർന്നാണ് കോൺഗ്രസിൽ സജീവമായി എ.ഐ.സി.സി. പ്രസിഡൻറ് പദം വരെയെത്തുന്നത്. ഗാന്ധിജിയുടെ സമരമുറകളെ വിമർശിച്ച് എഴുതിയ 'ഗാന്ധി ആൻഡ് അനാർക്കി'യുടെ രചയിതാവും ചേറ്റൂരാണ്.
COMMENTS