പാലക്കാട് സാഹിത്യോത്സവം ഫെബ്രുവരി മൂന്നു മുതൽ

05:12 AM
07/01/2018
പാലക്കാട്: നാലാമത് പാലക്കാട് സാഹിത്യോത്സവം ഫെബ്രുവരി മൂന്ന്, നാല് തീയതികളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഫെബ്രുവരി മൂന്നിന് പാലക്കാട് രാപ്പാടി ഓഡിറ്റോറിയത്തിൽ മറാത്തി എഴുത്തുകാരനും ദലിത് ആക്ടിവിസ്റ്റുമായ ശരൺകുമാർ ലിംബാളെ സാഹിത്യോത്സവം ഉദ്ഘാടനം ചെയ്യും. സമാപന ദിനത്തിൽ സാംസ്കാരിക മന്ത്രി എ.കെ. ബാലൻ പങ്കെടുക്കും. എഴുത്തുകാരായ സേതു, സി.വി. ബാലകൃഷ്ണൻ എന്നിവരാണ് വിശിഷ്ടാതിഥികൾ. ഈ വർഷം 14 സെഷനുകളിലായി തമിഴ്, കന്നഡ, മറാത്തി എഴുത്തുകാരുൾപ്പെടെ പങ്കെടുക്കും. 'സക്രിയം സർഗാത്മകം' ചർച്ച സംഗമവും സംഘടിപ്പിക്കും. തമിഴ് എഴുത്തുകാരായ യുവൻ ചന്ദ്രശേഖർ, എഴുത്തുകാരി ദമയന്തി, എൻ. സുകുമാരൻ, കന്നഡ എഴുത്തുകാരായ അനുപമ പ്രസാദ്, സുനിത ലോകേഷ്, ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റ് കൽക്കി സുബ്രഹ്മണ്യം എന്നിവർ പങ്കെടുക്കും. മലമ്പുഴ യക്ഷിക്ക് അമ്പതു വർഷം പൂർത്തിയാകുന്ന സാഹചര്യത്തിൽ ശിൽപി കാനായി കുഞ്ഞിരാമനുമായി പ്രത്യേക പരിപാടി സംഘടിപ്പിക്കും. ശാന്തകുമാരൻ തമ്പി ഫൗണ്ടേഷ​െൻറ നേതൃത്വത്തിൽ സാംസ്കാരിക വകുപ്പ്, പാലക്കാട് പ്രസ് ക്ലബ്, ശാന്തം മാസിക എന്നിവയുടെ സഹകരണത്തോടെയാണ് സാഹിത്യോത്സവം സംഘടിപ്പിക്കുന്നത്. വാർത്തസമ്മേളനത്തിൽ ആഷാ മേനോൻ, ഡോ. കെ.സി. ഗണേഷ്, ഫൈസൽ അലിമുത്ത് എന്നിവർ പങ്കെടുത്തു.
COMMENTS