ഗർഭസ്ഥ ശിശുക്കൾ മരിച്ച സംഭവം: വിവരാവകാശ പ്രകാരം മൊഴിപകര്‍പ്പ് ലഭിക്കുന്നില്ലെന്ന് പരാതി

05:11 AM
03/01/2018
പാലക്കാട്: ഗര്‍ഭസ്ഥ ശിശുക്കൾ മരിച്ച സംഭവത്തില്‍ ആരോഗ്യവകുപ്പ് അഡീഷനല്‍ ഡയറക്ടര്‍ വിജിലന്‍സ് വിഭാഗം നടത്തിയ അന്വേഷണ റിപ്പോര്‍ട്ടും മൊഴിപകര്‍പ്പും ആവശ്യപ്പെട്ട് വിവിരാവകാശ കമീഷന് അപേക്ഷ നല്‍കിയിട്ടും ലഭിച്ചില്ലെന്ന് പരാതി. യുവതിയുടെ ഭർത്താവ് സേതുമാധവനാണ് അപേക്ഷ നൽകിയത്. കഴിഞ്ഞ ആഗസ്റ്റ് ഒന്നിന് ആരോഗ്യവകുപ്പില്‍ വിവരാവകാശ പ്രകാരം മൊഴിപകര്‍പ്പിന് അപേക്ഷിച്ച് സമയപരിധി കഴിഞ്ഞിട്ടും ലഭിച്ചില്ല. തുടര്‍ന്ന് ഒന്നാം അപ്പീല്‍ നല്‍കിയപ്പോള്‍ അന്വേഷണ റിപ്പോര്‍ട്ട് നല്‍കുകയും മൂന്നാം കക്ഷിയുടെ സമ്മതമില്ലാത്തതിനാല്‍ മൊഴിപകര്‍പ്പ് നല്‍കാനാവില്ലെന്ന് അറിയിക്കുകയും ചെയ്തു. പിന്നീട് ഒക്ടോബര്‍ 26ന് സംസ്ഥാന വിവരാവകാശ കമീഷന് അപ്പീല്‍ സമര്‍പ്പിച്ചു. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായ മറുപടി ലഭിച്ചെങ്കിലും മൊഴിപകര്‍പ്പ് അവിടെനിന്ന് ലഭിച്ചില്ലെന്ന് സേതുമാധവന്‍ ആരോപിച്ചു. 2013ലാണ് വിവാദമായ സംഭവമുണ്ടാകുന്നത്. കോങ്ങാട് പാറശ്ശേരി സേതുമാധവ​െൻറ ഭാര്യ ഷീജയുടെ ഗര്‍ഭസ്ഥ ശിശുക്കളാണ് പാലക്കാട് ഗവ. വനിത ശിശു ആശുപത്രിയില്‍ മരിച്ചത്. പ്രസവസമയത്തെ സ്കാനിങ്ങിലാണ് കുട്ടികൾ ഇരട്ടകളാണെന്ന് അറിയുന്നത്. പിന്നീട് തൃശൂർ മെഡിക്കൽ കോളജിൽനിന്നാണ് മരിച്ച കുട്ടികളെ പുറത്തെടുത്തത്. തുടര്‍ന്ന് മനുഷ്യാവകാശ കമീഷ​െൻറ ഉത്തരവ് പ്രകാരം 2017 മേയ് നാലിന് ആരോഗ്യവകുപ്പ് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. വാര്‍ത്തസമ്മേളനത്തില്‍ കെ. ഉണ്ണികൃഷ്ണന്‍, പി.എന്‍. നന്ദകുമാര്‍ എന്നിവർ പങ്കെടുത്തു.
COMMENTS