നിയമസഭ ചോദ്യോത്തരം

05:38 AM
14/03/2018
നെൽകർഷകർക്കുള്ള റോയൽറ്റി ഈ വർഷമില്ല -മന്ത്രി തിരുവനന്തപുരം: നെൽകർഷകർക്കായി ബഡ്ജറ്റിൽ പ്രഖ്യാപിച്ചിരുന്ന റോയൽറ്റി ഈ വർഷം നടപ്പാക്കില്ലെന്ന് കൃഷിമന്ത്രി സുനിൽകുമാർ. നെൽവയൽ സംരക്ഷിക്കുന്നതി​െൻറ ഭാഗമായാണ് ഉടമസ്ഥന് ഹെക്ടർ ഒന്നിന് 2500 രൂപ നിരക്കിൽ റോയൽറ്റി നൽകാൻ സർക്കാർ തീരുമാനിച്ചത്. സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് പദ്ധതി മാറ്റിവെച്ചിരിക്കുന്നതെന്നും അടുത്ത സാമ്പത്തികവർഷം പ്രാവർത്തികമാക്കാമെന്ന് പ്രതീക്ഷിക്കുന്നതായും വി.ടി. ബൽറാം എം.എൽ.എയെ മന്ത്രി അറിയിച്ചു. ജൈവ പച്ചക്കറിയാണെന്ന പേരില്‍ പല സ്ഥാപനങ്ങളും സംസ്ഥാനത്ത്‌ പ്രവര്‍ത്തിക്കുന്നുണ്ട്‌. ഇവയെ നിയന്ത്രിക്കാന്‍ സര്‍ക്കാറിന്‌ കഴിഞ്ഞിട്ടില്ല. ഇത്തരം സ്ഥാപനങ്ങളെ നിലക്കുനിര്‍ത്തുന്നതിന്‌ നിയമനിര്‍മാണം കൊണ്ടുവരുന്നത്‌ സര്‍ക്കാര്‍ ആലോചിക്കും. ജൈവകീടനാശിനികളുടെ ഉല്‍പാദനത്തില്‍ നാലിരട്ടി വര്‍ധനവുണ്ടായിട്ടുണ്ട്‌. എല്ലാ പഞ്ചായത്തിലും ഇക്കോ ഷോപ്പുകള്‍ ആരംഭിക്കും. അടുത്ത സാമ്പത്തികവർഷം ഹോർട്ടികോർപ് 100 സ്റ്റാളുകൾകൂടി തുടങ്ങാനുള്ള പദ്ധതിയുണ്ടെന്നും ഹൈബി ഈഡൻ, അടൂര്‍പ്രകാശ്‌, റോജി എം. ജോണ്‍, ആബിദ്‌ ഹുസൈന്‍ തങ്ങള്‍, മുരളി പെരുനെല്ലി, എം. സ്വരാജ്‌, അന്‍വര്‍ സാദത്ത്‌, ഇ.കെ. വിജയന്‍ എന്നിവരെ മന്ത്രി അറിയിച്ചു. 200 ബഡ്‌സ്‌ സ്‌കൂളുകള്‍കൂടി -മന്ത്രി കെ.ടി. ജലീൽ തിരുവനന്തപുരം: 200 ബഡ്‌സ്‌ സ്‌കൂളുകള്‍കൂടി ആരംഭിക്കുമെന്ന് മന്ത്രി കെ.ടി. ജലീൽ. സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം പുതുതായി 19,523 കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ രൂപവത്കരിച്ചു. വിദ്യാസമ്പന്നയായ പുതുതലമുറയില്‍പെട്ട ഒരാള്‍ക്കുകൂടി കുടുംബശ്രീയിൽ അംഗത്വം നല്‍കും. സംസ്ഥാന സ്‌കൂള്‍ കലോത്സവ മാതൃകയില്‍ സംസ്ഥാന--ജില്ലതലങ്ങളില്‍ കുടുംബശ്രീ കലോത്സവം സംഘടിപ്പിക്കുന്നതിന് പദ്ധതിയുണ്ട്. മേയ്‌ ആദ്യവാരം മലപ്പുറത്ത്‌ എടപ്പാളിലാകും സംസ്ഥാന കലോത്സവം നടക്കുകയെന്നും മന്ത്രി പറഞ്ഞു.
COMMENTS