അഴിയൂർ ബ്രാഞ്ച് കനാൽ ഇത്തവണയും തുറക്കില്ല

05:05 AM
14/01/2018
വടകര: നാലുപതിറ്റാണ്ടു മുമ്പ് സ്ഥാപിച്ച . കുടിവെള്ളത്തിനും കാർഷികാവശ്യത്തിനും വെള്ളം ലഭിക്കുമെന്ന് കരുതി കുറ്റ്യാടി കനാലിനായി ഭൂമി വിട്ടുകൊടുത്തവർ കടുത്ത നിരാശയിലാണ്. പലയിടത്തും ആവശ്യത്തിന് വെള്ളമെത്തുന്നില്ല. അഴിയൂർ ബ്രാഞ്ച് കനാലിൽ ആറുവർഷമായി വെള്ളമെത്തിയിട്ടില്ല. കാലപ്പഴക്കം കാരണം കോൺക്രീറ്റ് കനാലുകൾക്കുണ്ടായ തകർച്ച കണക്കിലെടുത്താണ് കനാൽ തുറക്കാത്തത്. ഏറെ അപകട ഭീഷണിയുയർത്തിയ വള്ളിക്കാട് ഭാഗത്തെ കോൺക്രീറ്റ് കനാലുകൾ പൊളിച്ചിട്ട് മാസങ്ങളായെങ്കിലും തുടർപ്രവർത്തികളൊന്നും നടന്നില്ല. ആവശ്യത്തിന് ഫണ്ടില്ലാത്തതിനാൽ കനാൽ അറ്റകുറ്റപ്പണി കൃത്യമായി നടക്കുന്നില്ല. വള്ളിക്കാട് കോൺക്രീറ്റ് കനാൽ പുതുക്കിപ്പണിയാൻ അഞ്ചരക്കോടി അനുവദിച്ചിട്ടുണ്ടെന്ന് പറയുന്നുണ്ടെങ്കിലും പ്രവർത്തി എങ്ങുമെത്തിയില്ല. ഒഞ്ചിയം, ഏറാമല, അഴിയൂർ പഞ്ചായത്തുകളിലെ മിക്കയിടത്തും മേൽകനാലുകളും റോഡിലെ കോൺക്രീറ്റ് പാലങ്ങളും പൊളിഞ്ഞ് കിടക്കുകയാണ്. ധാരാളം വാഹനങ്ങൾ കടന്നുപോകുന്ന ഒഞ്ചിയം, നെല്ലാച്ചേരി, കുന്നുമ്മക്കര, വെള്ളികുളങ്ങര റോഡിലെ കനാൽ പാലത്തി‍​െൻറ അടിഭാഗം കോൺക്രീറ്റ് പാളി പൊളിഞ്ഞ് കമ്പികൾ ദ്രവിച്ച അവസ്ഥയിലാണ്. നേരത്തെ ഇറിഗേഷൻ വകുപ്പ് നടത്തിയ പഠനത്തിൽ മേഖലയിലെ കനാലുകൾ അപകട ഭീഷണിയുള്ളതാണെന്ന് കണ്ടെത്തിയിരുന്നു. വേനൽ കനക്കുന്നതോടെ ഗ്രാമങ്ങളിലെ പ്രധാന ജലസ്രോതസ്സാവേണ്ട കനാലുകൾ അറ്റകുറ്റപ്പണി നടത്തി വെള്ളമെത്തിച്ചാൽ വലിയൊരു നേട്ടമായി തീരും. കനാലുകളുടെ അശാസ്ത്രീയ നിർമാണംമൂലം ഏറാമല പോലുള്ള സ്ഥലങ്ങളിൽ നാളിതുവരെ വെള്ളമെത്തിയിട്ടില്ല. കനാൽ തുറന്നാൽ വേനൽക്കാല പച്ചക്കറി കൃഷിക്കുൾപ്പെടെ ഉണർവാകും. ഒഞ്ചിയം, ചോറോട്, അഴിയൂർ, ഏറാമല പഞ്ചായത്തുകളിലേക്കാണ് അഴിയൂർ ബ്രാഞ്ച് കനാലുകൾ വഴി വെള്ളമെത്തിക്കുന്നത്. ഇവിടെ, 44 സ്പാനുകളിലായാണ് കനാൽപ്പാലങ്ങൾ ഉള്ളത്. ജൈവപച്ചക്കറി കൃഷി വ്യാപകമായ സാഹചര്യത്തിൽ വേനൽക്കാലത്ത് കനാൽ തുറക്കുന്നത് വലിയ മാറ്റങ്ങൾ സൃഷ്ടിക്കും.
COMMENTS