​കെ.ഇ കോളജിൽ വിദ്യാർഥികൾ ഉൾപ്പെടെ 250 പേർക്ക്​ മഞ്ഞപ്പിത്തം

05:44 AM
17/04/2018
ഏറ്റുമാനൂർ: ഒരു വിദ്യാർഥിയുടെ മരണത്തിനിടയാക്കിയ മാന്നാനം കെ.ഇ കോളജിലെ മഞ്ഞപ്പിത്തബാധയിൽ വിദ്യാർഥികളും അധ്യാപകരും അനധ്യാപരും ഉള്‍പ്പെടെ 250 പേർക്ക് കൂടി രോഗ ബാധയുണ്ടെന്ന് കണക്കുകൾ. എന്നാല്‍, നൂറിലധികം കുട്ടികളില്‍ മാത്രേമ രോഗബാധയുണ്ടായുള്ളൂവെന്നാണ് അധികൃതരുടെ വിശദീകരണം. കോളജ് കാൻറീനടുത്തുള്ള കിണറിനോട് അടുത്ത് സ്ഥിതിചെയ്യുന്ന സെപ്റ്റിക് ടാങ്ക് കവിഞ്ഞതാണ് രോഗാണുക്കള്‍ പടരാന്‍ കാരണമായി പറയപ്പെടുന്നത്. കോളജിലെ ടാപ്പുകളില്‍ ഒഴുകുന്നത് മലിനജലമാണെന്ന് മനസ്സിലാക്കിയ വിദ്യാർഥികൾ അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നു. ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയില്‍ വാട്ടര്‍ ടാങ്ക് വ‍ൃത്തിയാക്കാൻ നിർേദശിച്ചിരുന്നു. വെള്ളത്തിന് നിറവ്യത്യാസമുണ്ടായതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ രോഗാണുബാധ കണ്ടെത്തിയതായി വിദ്യാർഥികള്‍ പറയുന്നു. പ്രശ്നം രൂക്ഷമായതിനെ തുടര്‍ന്ന് ഒരാഴ്ച കോളജിന് അവധിയും നല്‍കിയിരുന്നു. കോളജില്‍ പരീക്ഷ ആരംഭിക്കാനിരിക്കെ രോഗം പടര്‍ന്നുപിടിച്ചത് വിദ്യാർഥികളെ പ്രതിസന്ധിയിലാക്കി. രോഗാണുബാധയുണ്ടെന്ന് കണ്ടെത്തിയ കിണറിനോടും കാൻറീനോടും ചേര്‍ന്നാണ് കോളജിലെ സെല്‍ഫ് ഫിനാന്‍സിങ് ബ്ലോക്ക് സ്ഥിതി ചെയ്യുന്നത്. എഴുന്നൂറിലധികം കുട്ടികൾ പഠിക്കുന്ന ഈ ബ്ലോക്കി​െൻറ താഴത്തെ നിലയിലുള്ള സ്പോര്‍ട്സ് ഹോസ്റ്റലിലെ കുട്ടികളിലാണ് ആദ്യം രോഗം പിടിപെട്ടത്. 44 കുട്ടികള്‍ ഉള്ളതില്‍ 42 പേര്‍ക്കും അസുഖം പിടിപെട്ടു. ഇതേ തുടര്‍ന്ന് ഹോസ്റ്റല്‍ അടക്കുകയും കുട്ടികളെ കോളജിന് വെളിയിലുള്ള മറ്റൊരു ഹോസ്റ്റലിലേക്ക് മാറ്റിപാര്‍പ്പിക്കുകയും ചെയ്തിരുന്നു. കോളജ് വളപ്പിനുള്ളില്‍ സ്പോര്‍ട്സ് ഹോസ്റ്റൽ കൂടാതെ പെണ്‍കുട്ടികള്‍ക്ക് രണ്ടും ആണ്‍കുട്ടികള്‍ക്ക് ഒന്നും ഹോസ്റ്റലുകള്‍ വേറെയുമുണ്ട്. ഇവിടെ താമസിച്ചിരുന്ന കുട്ടികള്‍ക്കും രോഗബാധയുണ്ടായി. അടച്ചിട്ട കോളജ് ഒരാഴ്ചക്ക് ശേഷം തുറെന്നങ്കിലും രോഗബാധ തടയാന്‍ അധികൃതര്‍ വേണ്ട നടപടികള്‍ എടുത്തില്ലെന്ന് ആരോപണമുണ്ട്. രോഗം ബാധിച്ച ഒട്ടേറെ പേര്‍ ചികിത്സയിലാണ്. അതേസമയം, ശുദ്ധജല വിതരണം നടത്താൻ പുതിയ പ്ലാൻറ് ഉൾപ്പെടെ സജ്ജീകരണങ്ങൾ ഒരുക്കിയതായി അധികൃതർ വ്യക്തമാക്കി. നിലവില്‍ രോഗബാധിതരായ വിദ്യാർഥികള്‍ക്ക് ആവശ്യമായ ചികിത്സ സഹായം നല്‍കാമെന്ന് സമ്മതിച്ചിട്ടുണ്ടെന്നും കോളജ് അധികൃതര്‍ അറിയിച്ചു. എന്നാൽ വിദ്യാർഥി മരിച്ചതിനെ തുടർന്ന് എസ്.എഫ്..െഎ നേതൃത്വത്തിൽ കോളജിലേക്ക് മാർച്ച് നടത്തി.
COMMENTS