തൈക്കടപ്പുറത്ത് കടലാക്രമണം; കടൽഭിത്തി തകർന്നു

05:02 AM
12/07/2018
നീലേശ്വരം: കടലാക്രമണം രൂക്ഷമായ തൈക്കടപ്പുറത്ത് കടൽഭിത്തി തകർന്നു. നിർമാണത്തിലെ അപാകതമൂലം ശക്തമായ തിരമാലകളിൽപെട്ട് കരിങ്കല്ലുകൾ തകർന്ന് കടലിലേക്ക് ഒഴുകുന്നു. രാത്രികാലങ്ങളിലെ അനധികൃത മണലെടുപ്പും കടൽഭിത്തി തകരാൻ കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു. തൈക്കടപ്പുറത്തെ പ്രാഥമികാരോഗ്യ കേന്ദ്രം തീരം മുതൽ ബോട്ട്ജെട്ടി തീരം വരെയാണ് കടൽഭിത്തി തകർന്നത്. 2007ലാണ് തീരസംരക്ഷണത്തിനായി ലക്ഷങ്ങൾ െചലവഴിച്ച് കരിങ്കൽഭിത്തി നിർമിച്ചത്. നിർമാണം കഴിഞ്ഞ് ഒരുവർഷത്തിനുള്ളിൽ ഭിത്തി തകർന്നിരുന്നു. നാട്ടുകാരുടെ പരാതിയെ തുടർന്ന് വീണ്ടും പുനർനിർമിച്ചെങ്കിലും കടലാക്രമണത്തിൽ വീണ്ടും തകർന്നു. എന്നാൽ, കടലാക്രമണം രൂക്ഷമായ തൈക്കടപ്പുറം എ.എൽ.പി സ്കൂൾ മുതൽ അഴിത്തല വരെ ഭിത്തി നിർമിച്ചിട്ടില്ല. ഈ ഭാഗങ്ങളിൽ നിരവധി കുടുംബങ്ങൾ കടലാക്രമണ ഭീഷണിമൂലം ബന്ധുവീടുകളിൽ അഭയം പ്രാപിച്ചിരിക്കുകയാണ്‌. തൈക്കടപ്പുറം നഗരസഭ കൗൺസിലർ ടി.പി. ബീനയുടെ വീട് കടലാക്രമണ ഭീഷണിമൂലം കുടിയൊഴിഞ്ഞു. തൈക്കടപ്പുറം തീരദേശ മേഖലയാകെ കടൽഭിത്തി നിർമിക്കണമെന്നാണ് മത്സ്യത്തൊഴിലാളികളുടെ ആവശ്യം. എന്നാൽ, നഗരസഭാധികൃതരോ ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥരോ തൈക്കടപ്പുറം ഭാഗത്തേക്ക് തിരിഞ്ഞുനോക്കാത്തതിൽ ഇവർക്ക് ശക്തമായ പ്രതിഷേധമുണ്ട്.
COMMENTS