അശാസ്​ത്രീയനിർമാണം: റെയില്‍വേ അടിപ്പാതകൾ തോടുകളായി; യാത്രക്കാർക്ക് ദുരിതം

05:38 AM
12/07/2018
കാസര്‍കോട്: അശാസ്ത്രീയ നിര്‍മാണംമൂലം റെയില്‍വേ അടിപ്പാതകളിൽ വെള്ളക്കെട്ട്. തീരദേശത്തെ ജനങ്ങളുടെ യാത്രാസൗകര്യത്തിനായി റെയില്‍വേ കോടികള്‍ ചെലവഴിച്ച് നിര്‍മിച്ച അടിപ്പാതകളിലാണ് വെള്ളം കെട്ടിനിൽക്കുന്നത്. മൂന്നു കോടിയിലധികം രൂപ ചെലവഴിച്ചുനിര്‍മിച്ച കുമ്പള ആരിക്കാടി റെയില്‍വേ അടിപ്പാതയിലാണ് മുേട്ടാളം വെള്ളമുള്ളത്. ഇതോടെ വാഹനയാത്രയും കാല്‍നടയും ദുരിത പൂര്‍ണമായി. കനത്തമഴയിൽ അടിപ്പാതയുടെ മുകള്‍തട്ടുവരെയെത്തിയ വെള്ളം ഗ്രാമപഞ്ചായത്തി​െൻറ അടിയന്തര ഇടപെടലിനെ തുടര്‍ന്ന് നേരത്തെ ഒഴിവാക്കിയിരുന്നു. പള്ളം അടിപ്പാത ഒഴികെ മറ്റൊരിടത്തും കാല്‍നടപോലും സാധിക്കാത്ത സ്ഥിതിയാണ്. വേനല്‍ക്കാലത്തുപോലും വെള്ളക്കെട്ടുള്ള മയ്യിച്ചയിലേയും ചന്തേരയിലെയും പാസേജുകള്‍ മഴക്കാലമായതോടെ തോടായി മാറി. ജില്ലയില്‍ എളമ്പച്ചി, ചെറുവത്തൂര്‍ മയിച്ച, കാസര്‍കോട് പള്ളം എന്നിവിടങ്ങളില്‍ 2017ലും ചന്തേര, ആരിക്കാടി എന്നിവിടങ്ങളില്‍ 2016ലുമാണ് അടിപ്പാത നിര്‍മിച്ചത്. തീരദേശ പ്രദേശമായിരുന്നിട്ടുകൂടി വേണ്ട മുന്‍കരുതലുകള്‍ നിർമാണത്തിൽ സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ പരാതി. അതിനിടെ, കഴിഞ്ഞദിവസങ്ങളിലുണ്ടായ ശക്തമായ മഴമൂലം ഇവിടെ വെള്ളം നിറഞ്ഞിരിക്കുകയാണ്. ആരിക്കാടിയില്‍ 200ല്‍പരം വീടുകളിലേക്കുള്ള വഴിയാണ് കുളമായി മാറിയത്. വെള്ളം ഒഴുക്കിവിടാനുള്ള സംവിധാനവും െഡ്രയ്നേജും സ്ഥാപിക്കുമെന്ന് പഞ്ചായത്ത് അധികൃതര്‍ വാഗ്ദാനം നല്‍കിയിരുന്നെങ്കിലും നടപ്പിലായില്ല. ചന്തേരയില്‍ അഞ്ചു കോടിയോളം രൂപ മുടക്കി നിര്‍മിച്ച അടിപ്പാത വേനല്‍ കത്തുന്ന ഏപ്രില്‍, േമയ് മാസങ്ങളില്‍പോലും ഉപയോഗിക്കാന്‍ കഴിയുന്നില്ല. പ്രാഥമിക പഠനംപോലുമില്ലാതെ വയലില്‍ പാസേജ് നിര്‍മിച്ചതാണ് ഉപയോഗശൂന്യമാകാന്‍ കാരണം. മയിച്ചയില്‍ വെള്ളംമൂലം ഇതുവരെ പണി പൂര്‍ത്തീകരിക്കാൻപോലും കഴിഞ്ഞിട്ടില്ല. ഇപ്പോള്‍ ഈ പാത പൂര്‍ണമായും വെള്ളത്തിലാണ്. പുഴയുടെ ഭാഗമായ ഈ ചതുപ്പുനിലത്തെ നിര്‍മാണത്തില്‍ ക്രമക്കേടുണ്ടെന്ന് അന്നുതന്നെ പ്രദേശവാസികള്‍ ആരോപിച്ചിരുന്നു. ഇതു മുഖവിലക്കെടുക്കാന്‍ റെയില്‍വേ അധികൃതര്‍ തയാറായില്ല. തറയിലും കോണ്‍ക്രീറ്റ് ഭിത്തിയുടെ രണ്ടു വശങ്ങളില്‍നിന്നും വെള്ളം ഒലിച്ചിറങ്ങുകയാണ്. കോണ്‍ക്രീറ്റ് ചെയ്യുമ്പോള്‍ മണലിനുപകരം ഗുണനിലവാരം കുറഞ്ഞ കരിങ്കല്‍ മിശ്രിതമാണ് ഉപയോഗിച്ചതെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. മുന്നൂറോളം വിദ്യാര്‍ഥികള്‍ പഠിക്കുന്ന ഗവ. എല്‍.പി സ്‌കൂള്‍, കുമ്പോല്‍ യു.പി സ്‌കൂള്‍, നഴ്‌സറി സ്‌കൂള്‍, പുരാതനമായ കുമ്പോല്‍ ജുമാമസ്ജിദ് എന്നിവിടങ്ങളിലേക്കുള്ള ഏകവഴി കൂടിയാണിത്. റെയില്‍വേ നടപ്പാക്കുന്ന പദ്ധതികളില്‍ ശാസ്ത്രീയതയും ഗുണനിലവാരവും കര്‍ശനമായി നിഷ്‌കര്‍ഷിക്കുമ്പോള്‍ ആരിക്കാടി അടിപ്പാതയുടെ നിര്‍മാണത്തില്‍ അതുണ്ടായിട്ടില്ലെന്നാണ് പരാതി. വിജിലന്‍സിനും റെയില്‍വേ മന്ത്രിക്കും പരാതി നല്‍കാനുള്ള തയാറെടുപ്പിലാണ് നാട്ടുകാര്‍.
COMMENTS