26 വർഷമായി തുടരുന്ന ബസ്​ സർവിസ്​ നിർത്തി; രാത്രിയാത്രക്കാർക്ക്​ ഒരു മണിക്കൂർ കാത്തിരിപ്പ്​

05:20 AM
14/01/2018
കാസർകോട്: കാൽ നൂറ്റാണ്ടായി തുടരുന്ന ബസ് സർവിസ് കെ.എസ്.ആർ.ടി.സി മുന്നറിയിപ്പില്ലാതെ നിർത്തലാക്കിയത് യാത്രക്കാർക്ക് ഇരുട്ടടിയായി. കാസർകോട് ഡിപ്പോയിൽനിന്ന് രാത്രി 8.40ന് യാത്രയാരംഭിച്ച് ചന്ദ്രഗിരിപ്പാലം, ദേളി വഴി രാത്രി 10ന് നീലേശ്വരത്ത് സർവിസ് അവസാനിപ്പിച്ചിരുന്ന ബസാണ് ഒാട്ടം നിർത്തിയത്. ഇതുകാരണം രാത്രി എട്ടിനുശേഷം ഒമ്പതുവരെ കാഞ്ഞങ്ങാട് ഭാഗത്തേക്ക് ബസുകളില്ലാത്ത സ്ഥിതിയാണ്. കഴിഞ്ഞ ദിവസം രാത്രി എട്ടുമുതൽ കാത്തുനിൽക്കുകയായിരുന്ന സ്ത്രീകളും കുട്ടികളും രോഗികളും ഉൾപ്പെടെയുള്ള യാത്രക്കാർക്ക് ഒമ്പത് മണിക്ക് പുറപ്പെട്ട കരിപ്പൂർ വിമാനത്താവളത്തിലേക്കുള്ള ബസും 9.15ന് പുറപ്പെട്ട ദേളി വഴിയുള്ള നീലേശ്വരം ബസുമാണ് കിട്ടിയത്. രാത്രി 8.30ന് കാഞ്ഞങ്ങാേട്ടക്ക് ചന്ദ്രഗിരിപ്പാലം, ചളിയേങ്കാട് വഴി ലിമിറ്റഡ് സ്റ്റോപ് ബസ് ഉണ്ടെങ്കിലും കഴിഞ്ഞ ദിവസങ്ങളിൽ ഇതും ഒാട്ടം മുടക്കിയത് യാത്രാദുരിതം ഇരട്ടിപ്പിച്ചു. 1991ൽ ചന്ദ്രഗിരിപ്പാലം വഴി കെ.എസ്.ആർ.ടി.സി ദേശസാത്കൃത സർവിസ് ആരംഭിച്ചതുമുതൽ ഒാടിയിരുന്ന ബസാണ് നിർത്തലാക്കിയത്. രാവിലെ ജോലി സ്ഥലത്തേക്ക് പോകാനും രാത്രി തിരികെയെത്താനും പതിവായി ഇൗ ബസിനെ ആശ്രയിച്ചിരുന്ന നിരവധി യാത്രക്കാരുണ്ട്. രാത്രി 8.40ന് കാസർകോട്ടുനിന്ന് പുറപ്പെട്ട് നീലേശ്വരത്തെത്തുന്ന ബസ് പുലർച്ചെ അഞ്ചിന് മടക്കയാത്ര ആരംഭിച്ച് ഇതേ റൂട്ടിൽ കാസർകോട് തിരിച്ചെത്തിയശേഷം പിന്നീട് റെയിൽവേ സ്റ്റേഷൻ-സിവിൽ സ്റ്റേഷൻ, കോപ്പ, കാഞ്ഞങ്ങാട്, പാലക്കുന്ന് റൂട്ടുകളിൽ ഒാടി വീണ്ടും രാത്രി നീലേശ്വരത്തേക്ക് പോകുന്ന രീതിയിലാണ് ഷെഡ്യൂൾ ക്രമീകരിച്ചിരുന്നത്. ഇപ്പോൾ പതിവ് പകലോട്ടത്തിനുശേഷം നീലേശ്വരം യാത്ര റദ്ദാക്കി രാത്രി 9.30ന് മംഗളൂരുവിലേക്കാണ് ഇൗ ബസ് സർവിസ് നടത്തുന്നത്. ഇതോടൊപ്പം നീലേശ്വരത്തുനിന്ന് രാവിലെ 5.30ന് പുറപ്പെട്ട് ദേശീയപാതയിലൂടെ കാസർകോെട്ടത്തിയിരുന്ന സർവിസ് സംസ്ഥാന പാതയിൽ ദേളി, ചന്ദ്രഗിരിപ്പാലം വഴിയാക്കിയതും യാത്രക്കാർക്ക് പ്രയാസമുണ്ടാക്കുന്നു. മംഗളൂരുവിലേക്ക് രാത്രി അവസാന സർവിസ് നടത്തിയിരുന്ന ബസ് ശബരിമലയിലേക്ക് സ്പെഷൽ സർവിസിന് അയച്ചതിനാൽ പകരം സംവിധാനത്തിനായി താൽക്കാലികമായാണ് ഇത് നിർത്തിവെച്ചതെന്നും ഉടൻ പുനഃസ്ഥാപിക്കുമെന്നുമാണ് കെ.എസ്.ആർ.ടി.സി അധികൃതർ പറയുന്നത്.
COMMENTS