ഇലപ്പള്ളിയിൽ ഉരുൾ​െപാട്ടി റോഡ്​ തകർന്നു; വ്യാപകമായി കൃഷിയും നശിച്ചു

05:56 AM
12/07/2018
മൂലമറ്റം: ഇലപ്പള്ളിക്ക് സമീപം ഉരുൾപൊട്ടി റോഡ് തകർന്നു. ഏക്കർ കണക്കിന് കൃഷിയും നശിച്ചു. ബുധനാഴ്ച പുലർച്ച നാേലാടെ മേത്താനം എസ്‌റ്റേറ്റ് റോഡിൽനിന്നാണ് ഉരുൾപൊട്ടിയത്. പൂർണമായും തകർന്ന റോഡ് ഏഴു മീറ്റർ വീതിയിൽ അരക്കിലോമീറ്ററോളം ഒഴുകി പുഴയിൽ പതിച്ചു. ഇലപ്പള്ളി വടക്കേടത്ത് ബന്നി, വടക്കേടത്ത് സണ്ണി, മുട്ടം ഏരിമറ്റത്തിൽ സാബു എന്നിവരുടെ പറമ്പിലൂടെയാണ് വെള്ളം ഒഴുകിയത്. ഇവിടെ കൃഷിചെയ്തിരുന്ന റബർ, കൊടി, കൊക്കോ, വാഴ, കൈതച്ചക്ക തുടങ്ങിയവയാണ് നശിച്ചത്. ഉരുൾപൊട്ടി മൂലമറ്റം-വാഗമൺ റോഡിൽ ഒരുമീറ്റററോളം മണ്ണ് നിറഞ്ഞത് ഗതാഗതം തടസപ്പെട്ടു. റോഡിെല മണ്ണും കല്ലും നീക്കാൻ മണ്ണുമാന്തി യന്ത്രം എത്താൻ താമസിച്ചതോടെ ഫയർഫോഴ്സും പൊലീസും ഇലപ്പള്ളി വില്ലേജ് അധികൃതരും പഞ്ചായത്ത് മെംബർ ഷിബു പാറേക്കാട്ടിലി​െൻറ നേതൃത്വത്തിൽ നാട്ടുകാരും ചേർന്ന് മണ്ണ് വെട്ടിമാറ്റിയാണ് ഏറെ വൈകി ഗതാഗതം പുനഃസ്ഥാപിച്ചത്. ഉരുൾപൊട്ടലിൽ ഇലപ്പള്ളി മേത്താനം എസ്‌റ്റേറ്റിലേക്കുള്ള റോഡ് പൂർണമായി തകർന്നതോടെ ഇതുവഴി ഗതാഗതം നിലച്ചു. ഉരുൾപൊട്ടലിൽ ഇലപ്പള്ളി-മേത്താനം റോഡ് പൂർണമായും തകർന്നു. അഞ്ചു മീറ്ററോളം വീതിയിൽ റോഡ് ഇടിഞ്ഞതോടെ ചെളിക്കൽ, മേത്താനം പ്രദേശങ്ങൾ ഒറ്റപ്പെട്ടു. പ്രദേശെത്ത കുടുംബങ്ങൾക്ക് പുറംലോകത്തെത്താനുള്ള ഏകമാർഗമായ റോഡ് തകർന്നതോടെ പ്രദേശവാസികൾ ഒറ്റപ്പെട്ടു. ജില്ല ആശുപത്രിയിൽ ഡോക്ടർമാർ ഇല്ല: രോഗികൾ വലയുന്നു ചെറുതോണി: ജില്ല ആശുപത്രിയിലെ രണ്ട് ഡോക്ടർമാർ സ്ഥലംമാറിപ്പോയതോടെ ഇരുനൂറോളം രോഗികൾ തുടർചികിത്സ ലഭിക്കാതെ ബുദ്ധിമുട്ടുന്നു. ശ്വാസകോശ വിദഗ്ധനും അനസ്തേഷ്യ ഡോക്ടറുമാണ് സ്ഥലംമാറ്റം ചോദിച്ചുവാങ്ങി ആശുപത്രിവിട്ടത്. വർഷങ്ങളായി ഇവിടെ സേവനം ചെയ്തുവന്നവരാണ് ഈ ഡോക്ടർമാർ. സ്ഥിരമായി ഇവരുടെ ചികിത്സയിൽ കഴിയുന്ന ഇരുനൂറോളം രോഗികളുണ്ട്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നുള്ള പ്രായാധിക്യത്താൽ വിഷമിക്കുന്നവരാണ് ഏറെയും. പുതിയ ഡോക്ടർമാരെ നിയമിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടെങ്കിലും നടപ്പായിട്ടില്ല. ശ്വാസകോശ പരിശോധനക്കുള്ള വിലപിടിപ്പുള്ള ഉപകരണങ്ങൾ അടുത്തകാലത്താണ് വാങ്ങിയത്. ആവശ്യത്തിന് മരുന്നും ഗോഡൗണിലുണ്ട്. ദിനേന നൂറുകണക്കിന് രോഗികളാണ് ജില്ല ആശുപത്രിയിലെത്തി നിരാശരായി മടങ്ങുന്നത്. നിലവിലെ സർജനും സ്ഥലംമാറ്റത്തിന് അപേക്ഷ നൽകി കാത്തിരിക്കുകയാണ്. ജില്ല ആശുപത്രിയുടെ ചുമതലയുള്ള ജില്ല പഞ്ചായത്ത് വേണ്ടത്ര താൽപര്യം കാണിക്കുന്നില്ലെന്നും ആരോപണമുണ്ട്. യാത്രക്കാരെ പെരുവഴിയിലാക്കി കെ.എസ്.ആർ.ടി.സിയുടെ ട്രിപ് മുടക്കൽ ചെറുതോണി: അടിക്കടി ട്രിപ്പുമുടക്കി യാത്രക്കാരെ പെരുവഴിയിലാക്കി കെ.എസ്.ആർ.ടി.സി ബസ്. തൊടുപുഴ ഡിപ്പോയിൽനിന്ന് വൈകീട്ട് 4.30ന് പുറപ്പെട്ട് ജില്ല ആസ്ഥാനത്തെത്തി ചെറുതോണി, ചേലച്ചുവട്, കഞ്ഞിക്കുഴി, വെൺമണി, വണ്ണപ്പുറം വഴി തൊടുപുഴയിലെത്തുന്ന ബസാണ് ട്രിപ്പുമുടക്കി യാത്രക്കാരെ വലക്കുന്നത്. ഇതുവഴി വൈകീട്ടത്തെ അവസാന ട്രിപ്പായതിനാൽ നിരവധി യാത്രക്കാരാണ് ഈ ബസിനെ ആശ്രയിച്ച് വഴിയിൽ കാത്തുനിൽക്കുന്നത്. എന്നാൽ, മുന്നറിയിപ്പില്ലാതെ ട്രിപ് മുടക്കുന്നത് പതിവാണ്. കഴിഞ്ഞ ഞായറാഴ്ച ഇവർ ട്രിപ് മുടക്കിയതോടെ സ്ത്രീകളും കൊച്ചുകുട്ടികളുമടക്കം നിരവധി യാത്രക്കാരാണ് വീട്ടിലെത്താൻ കഴിയാതെ വലഞ്ഞത്. ചെറുതോണി, ചേലച്ചുവട്, കഞ്ഞിക്കുഴി തുടങ്ങിയ സ്ഥലങ്ങളിൽ രാത്രിവരെ കാത്തുനിന്ന യാത്രക്കാർക്ക് അമിത ചാർജ് നൽകി ജീപ്പും ഓട്ടോയും വിളിച്ച് വീട്ടിലെത്തേണ്ടിവന്നു. വൈകീട്ട് 4.30ന് പുറപ്പെടേണ്ട ബസ് ആദ്യ ട്രിപ് കഴിഞ്ഞ് യഥാസമയം മടങ്ങിയെത്താൻ കഴിയാതെ വന്നപ്പോൾ ഡിപ്പോയിൽ അറിയിച്ചിരുന്നതാണെന്ന് ജീവനക്കാർ പറയുന്നു. എന്നാൽ, പകരം ബസ് വിടാൻ ഡിപ്പോയിൽനിന്ന് തയാറായില്ല. ബസില്ലാതെ വന്നതോടെ തോരാത്ത മഴയിൽ മണിക്കൂറുകളോളം കടകളുടെ വരാന്തയിലും മറ്റും യാത്രക്കാർക്ക് കാത്തുനിൽക്കേണ്ടിവന്നു. ഇതിനിടെ ചില യാത്രക്കാർ ഡിപ്പോയിലേക്ക് വിളിച്ചെങ്കിലും ആരും ഫോൺ എടുക്കാൻ തയാറായില്ലെന്നും യാത്രക്കാർ ആരോപിക്കുന്നു.
COMMENTS