സിനിലക്ക് അമ്മ വൃക്ക നല്‍കും; അനീഷിന് വേണ്ടത് സുമനസുകളുടെ കൈത്താങ്ങ്

10:19 AM
13/08/2017

ബുറൈദ: ഭാര്യയുടെ വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് പ്രവാസി സുമനസുകളുടെ സഹായം തേടുന്നു. ബുറൈദ സാല്‍മിയയിലെ ഒരു വർക്ക്​ഷോപ്പില്‍ ജോലി ചെയ്യുന്ന പാലക്കാട് ആലത്തൂര്‍ തോണിപ്പാടം മരുതക്കോട് സ്വദേശി അനീഷ് ഗോപാലനാണ് ത​​െൻറ പ്രിയതമ സിനിലയുടെ (29) വൃക്ക മാറ്റിവെക്കലിന് സഹായം തേടുന്നത്. 

മുലകുടിമാറാത്ത കുഞ്ഞി​​െൻറ മാതാവാണ്​ സിനില. ആറ് വര്‍ഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. ഇപ്പോൾ ഒരു വയസുള്ള മകന്‍ നികേഷിനെ ഗര്‍ഭം ധരിച്ച സമയത്തുണ്ടായ അസ്വാഭാവിക ശാരീരിക വ്യതിയാനങ്ങളെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സിനിലയുടെ ഇരുവൃക്കകളും തകരാറിലാണെന്ന സത്യം ഇവരറിയുന്നത്. 

ഗര്‍ഭ, പ്രസവകാല ചികിത്സകള്‍ക്കൊപ്പം വിവിധ ആശുപത്രികളില്‍ വൃക്ക സംബന്ധമായ ചികിത്സകളും തുടര്‍ന്നെങ്കിലും വേണ്ടത്ര ഫലം കണ്ടില്ല. 
കുഞ്ഞിന് ഒരു വയസായപ്പോഴേക്കും സിനിലയുടെ ആരോഗ്യനില വഷളായി. ജീവന്‍ നിലനിര്‍ത്തണമെങ്കില്‍ വൃക്ക മാറ്റിവെക്കുകയല്ലാതെ നിവൃത്തിയില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതിനെ തുടര്‍ന്ന് സിനിലയുടെ അമ്മ വൃക്ക നല്‍കാന്‍ സന്നദ്ധമാവുകയും ഇത് സംബന്ധിച്ച പരിശോധനകള്‍ എകദേശം പൂര്‍ത്തിയാവുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഇതിന് വേണ്ടിവരുന്ന 10 ലക്ഷത്തോളം രൂപയുടെ ചെലവ് കാര്‍ വർക്ക്​ഷോപ്പിലെ സാധാരണ തൊഴിലാളിയായ അനീഷിന് സങ്കല്‍പിക്കാവുന്നതിലുമപ്പുറമാണ്. കഴിഞ്ഞ ഒരു വര്‍ഷം നടത്തിയ പരിശോധനകളുടെയും ചികിത്സയുടെയും കടബാധ്യത തന്നെ ഈ യുവാവി​​െൻറ ഉറക്കം കെടുത്തുകയാണ്. 

ഉദാരമതികളുടെ സഹായത്തിലാണ് ഇനി അനീഷി​​െൻറ പ്രതീക്ഷ. സിനില കൃഷ്ണ​​െൻറ പേരില്‍ കാനറാ ബാങ്കി​​െൻറ പഴമ്പലക്കോട് ബ്രാഞ്ചില്‍ അക്കൗണ്ട് തുറന്നിട്ടുണ്ട്. (നമ്പര്‍: 083210107902 ). വിശദവിവരങ്ങള്‍ക്ക് 0576597240 എന്ന നമ്പറില്‍ അനീഷിനെ വിളിക്കാം.

COMMENTS