ജീസാനിലെ മെഡിക്കല്‍ ​േഷാപ്പില്‍ ആയുധം കാട്ടി  കൊള്ള നടത്തിയ കൗമാരസംഘം അറസ്​റ്റിൽ

10:13 AM
13/08/2017
മെഡിക്കൽ ഷോപിലെ സി.സി.ടി.വി കാമറയിൽ പതിഞ്ഞ കവർച്ചക്കാരുടെ ദൃശ്യം

ജീസാന്‍: നഗരത്തിലെ മെഡിക്കല്‍ ​േഷാപ്പില്‍ നിന്ന് ആയുധം കാട്ടി ഭീഷണിപ്പെടുത്തി 3000 റിയാല്‍ കവര്‍ന്ന മൂന്നംഗ സംഘത്തെ പോലീസ് പിടികൂടി. ഞായറാഴ്ച രാവിലെ 10.20ന് ഫാര്‍മസിയിലെത്തിയ കൗമാരക്കാരായ മൂന്ന്​ പേരാണ്​ കത്തിയും കൊടുവാളും കാട്ടി ഭീഷണിപ്പെടുത്തി പണം കവര്‍ന്നത്.   മെഡിക്കല്‍ ​േഷാപ്പിലെ സി.സി.ടി.വി കാമറയില്‍ നിന്ന് ലഭിച്ച ദൃശ്യങ്ങളുടെ സഹായത്തോടെ പൊലീസ്​ പ്രതികളെ പിടികൂടുകയായിരുന്നു. പൊലീസ് മേധാവി നാസിര്‍ സഈദ് അല്‍ഖഹ്താനി രൂപവത്​കരിച്ച സംഘം നഗരത്തില്‍ അരിച്ചുപെറുക്കി നടത്തിയ തെരച്ചിലിലാണ്​ പ്രതികളെ പിടികൂടിയത്. അന്വേഷണം മണത്തറിഞ്ഞ രണ്ട് പേര്‍ കീഴടങ്ങുകയും മൂന്നാമനെ പിടികൂടുകയുമായിരുന്നുവെന്ന് പൊലീസ് വക്താവ് നായിഫ് അല്‍ഹകമി പറഞ്ഞു.

മൂന്ന് പേരും 20 വയസ്സിന് താഴെ പ്രായമുള്ള സ്വദേശികളാണ്​. ഇവര്‍ ഉപയോഗിച്ച സൈക്കിളും ആയുധങ്ങളും പൊലീസ്  കണ്ടെത്തിയിട്ടുണ്ട്. ആളൊഴിഞ്ഞ പ്രദേശത്ത് കെട്ടിടത്തി​​െൻറ പിറകില്‍ ഒളിപ്പിച്ചിരുന്ന വസ്തുക്കള്‍ പിടികൂടി.  കളവിന് ഉപയോഗിച്ച കറുത്ത വസ്ത്രങ്ങള്‍, മുഖം മൂടി, കൈയുറ എന്നിവ പ്രതികള്‍കത്തിച്ചുകളഞ്ഞിരുന്നു. പ്രതികളെ തുടര്‍ നടപടികള്‍ക്കായി പബ്ളിക് പ്രോസിക്യൂട്ടറെ ഏല്‍പിച്ചതായും പൊലീസ് വക്താവ് കൂട്ടിച്ചേര്‍ത്തു.

COMMENTS