മന്ത്രിസഭാ യോഗം:   29ാമത് അറബ് ഉച്ചകോടിയിലെ തീരുമാനങ്ങൾ സ്വാഗതം ചെയ്​തു 

08:25 AM
17/04/2018
ഗുദൈബിയ പാലസിൽ പ്രധാനമന്ത്രി പ്രിൻസ്​ ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫയുടെ അധ്യക്ഷതയിൽ ചേർന്ന കാബിനറ്റ് യോഗം

മനാമ: 29 ാമത് അറബ് ഉച്ചകോടി തീരുമാനങ്ങൾ മന്ത്രിസഭ സ്വാഗതം ചെയ്​തു.  ഗുദൈബിയ പാലസിൽ പ്രധാനമന്ത്രി പ്രിൻസ്​ ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫയുടെ അധ്യക്ഷതയിൽ ചേർന്ന കാബിനറ്റ് യോഗം സൗദിയിലെ ദഹ്റാനിൽ നടന്ന 29 ാമത് അറബ് ഉച്ചകോടിയിലെടുത്ത തീരുമാനങ്ങൾ വിലയിരുത്തുകയൂം മേഖലക്ക് ഗുണകരമായവയാണെന്ന് അഭിപ്രായപ്പെടുകയും ചെയ്തു. രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ നേതൃത്വത്തിലുള്ള ഉന്നത തല സംഘം ഉച്ചകോടിയിൽ പങ്കെടുക്കുകയും അഭിസംബോധന ചെയ്യുകയും ചെയ്​തിരുന്നു. ഫലസ്​തീൻ മുഖ്യ അജണ്ടയാക്കിയ സമ്മിറ്റ് എന്തു കൊണ്ടും അറബ്–ഇസ്​ലാമിക ലോകത്തിന് പ്രതീക്ഷ നൽകുന്നതാണ്. ‘ഖുദുസ്​ സമ്മിറ്റ്’ എന്ന പേരിൽ നടത്തിയ ഉച്ചകോടി ഫലസ്​തീൻ പ്രശ്​നം പരിഹരിക്കുന്നതിന് ലോക രാഷ്ട്രങ്ങൾ മുഖ്യ ശ്രദ്ധ ചെലുത്തണമെന്ന് അഭിപ്രായപ്പെട്ടതും ശുഭോദർക്കമാണ്. 

ബഹ്റൈ​​െൻറ ആഭ്യന്തര കാര്യങ്ങളിൽ വിദേശ രാഷ്​ട്രങ്ങളുടെ ഇടപെടലിനെ ഉച്ചകോടി അപലപിച്ചത് സ്വാഗതം ചെയ്​തു. അറബ് മേഖലയുടെ സുരക്ഷക്ക് യോജിച്ച മുന്നേറ്റമുണ്ടാകുമെന്ന പ്രതീക്ഷയാണ് ഉച്ചകോടി മുന്നോട്ട് വെച്ചിട്ടുള്ളത്. ഇത്തരമൊരു ഉച്ചകോടി വിജയിപ്പിക്കുന്നതിന് മുൻകൈയെടുത്ത സൗദി ഭരണാധികാരികൾക്ക് മന്ത്രിസഭ പ്രത്യേകം നന്ദി പ്രകാശിപ്പിച്ചു. വിവിധ പ്രദേശങ്ങളിലെ പാർപ്പിടാവശ്യങ്ങൾ പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കാൻ പ്രധാനമന്ത്രി ബന്ധപ്പെട്ടവർക്ക് നിർദേശം നൽകി. 

സ്വദേശികൾക്കും വിദേശികൾക്കും ഒരുപോലെ എളുപ്പത്തിൽ സേവനം ലഭിക്കുന്ന രൂപത്തിൽ നിലവിലുളള ട്രാഫിക് നിയമം പരിഷ്​കരിക്കാൻ കാബിനറ്റ് അംഗീകാരം നൽകി. റെഡ് സിഗ്നൽ മുറിച്ചു കടക്കുക, വേഗ പരിധി മറികടക്കുക തുടങ്ങിയ നിയമലംഘനങ്ങൾ വഴി അപകടമോ അതുമല്ലെങ്കിൽ പരിക്കോ മരണമോ ഉണ്ടായിട്ടില്ലെങ്കിൽ നിലവിലുള്ള നിയമത്തിൽ പരിഷ്​കരണം വേണമെന്നാണ് നിർദേശം. കൂടാതെ തെറ്റായ നമ്പർപ്ലേറ്റ് ഉപയോഗം, നമ്പർപ്ലേറ്റ് ഉപയോഗിക്കാതിരിക്കൽ, അപകടം വഴി സ്വകാര്യ–പൊതു സ്വത്തുക്കളുടെ നാശം തുടങ്ങിയവയുടെ നിയമങ്ങളും പരിഷ്​കരിക്കുന്നതിന് നിർദേശമുണ്ട്. ഇതുമായി ബന്ധപ്പെട്ട നിയമ വശങ്ങൾ ചർച്ച ചെയ്യാൻ പാർലമ​​െൻറിന് വിടാനും തീരുമാനിച്ചു. രാജ്യത്തെ സാമ്പത്തിക സൂചിക മെച്ചപ്പെട്ട രൂപത്തിലാണുള്ളതെന്ന് കാബിനറ്റ് വിലയിരുത്തി. 

2017ലെ സാമ്പത്തിക സൂചികാ വിശദീകരണത്തിൽ കാബിനറ്റ് സംതൃപ്​തി പ്രകടിപ്പിക്കുകയും പ്രതിസന്ധികൾ തരണം ചെയ്യാൻ സാധിക്കുമെന്ന് ശുഭാപ്​തി പ്രകടിപ്പിക്കുകയും ചെയ്​തു. വിവിധ രാജ്യങ്ങളുമായി സുരക്ഷാ രംഗത്ത് സഹകരിക്കുന്നതിന് ധാരണാപത്രം ഒപ്പുവെക്കുന്നതിനെക്കുറിച്ച് മന്ത്രിസഭ ചർച്ച ചെയ്​തു. എല്ലാ വിധ കുറ്റ കൃത്യങ്ങളിൽ നിന്നും രക്ഷ നേടുന്നതിനും ഇക്കാര്യത്തിൽ വിവിധ രാഷ്​ട്രങ്ങളുടെ  അനുഭവ സമ്പത്ത് ഉപയോഗപ്പെടുത്തുന്നതിനുമാണ് സഹകരണം. ഇതുമായി ബന്ധപ്പെട്ട നിയപരമായ വശങ്ങൾ ചർച്ച ചെയ്യുന്നതിനും പഠനം നടത്തുന്നതിനും മന്ത്രിതല നിയമകാര്യ സമിതിയെ കാബിനറ്റ് ചുമതലപ്പെടുത്തി. നാഷണൽ സ്​പേസ്​ സയൻസ്​ അതോറിറ്റിയും യു.എ.ഇയിലെ മുഹമ്മദ് ബിൻ റാഷിദ് സ്​പേസ്​ സ​​െൻററും തമ്മിൽ സഹകരണക്കരാറിൽ ഒപ്പുവെക്കുന്നതിനും മന്ത്രിസഭ അംഗീകാരം നൽകി. സ്​പേസ്​ ഗവേഷണ മേഖലയിൽ അനുഭവ സമ്പത്ത് കൈമാറുന്നതിനും തദ്ദേശീയ കഴിവ് കെട്ടിപ്പടുക്കുന്നതിനുമാണ് സഹകരണം പ്രയോജനപ്പെടുക. 

ഏവിയേഷൻ സേവന മേഖലയിൽ ബ്രൂണൈയും ബഹ്റൈനും തമ്മിൽ സഹകരിക്കുന്നതിനും തീരുമാനമുണ്ട്. 
കാപിറ്റൽ സെക്രട്ടേറിയറ്റും മൊറോക്കോയിലെ റബാത് സെക്രട്ടേറിയറ്റും തമ്മിൽ സഹകരിക്കുന്നതിനുള്ള നിർദേശം മന്ത്രിതല നിയമ സമിതി പഠനം നടത്തുന്നതിന് നിർദേശിച്ചു. മന്ത്രിസഭാ തീരുാമനങ്ങൾ സെക്രട്ടറി ഡോ. യാസിർ ബിൻ ഈസ അന്നാസിർ വിശദീകരിച്ചു.   

COMMENTS